Month: നവംബർ 2022

എന്നോടൊപ്പം നടക്കുക

കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഒരു സുവിശേഷ ഗായകസംഘം ആലപിച്ച “യേശു എന്നോടൊപ്പം നടക്കുന്നു’’ എന്ന ജനപ്രിയ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ആ വരികൾക്കു പിന്നിൽ ശക്തമായ ഒരു കഥയുണ്ട്.

ജാസ് സംഗീതജ്ഞനായ കർട്ടിസ് ലുണ്ടി കൊക്കെയ്ൻ ആസക്തിക്കുള്ള ചികിത്സാ പരിപാടിയിൽ പ്രവേശിച്ചപ്പോഴാണ് ഗായകസംഘം ആരംഭിച്ചത്. ആസക്തിക്കടിമകളായ മറ്റുള്ളവരെ ഒരുമിച്ചു കൂട്ടി ഒരു പഴയ ഗാനത്തിൽ പ്രചോദനം ഉൾക്കൊണ്ട്, പുനരധിവാസത്തിലുള്ളവർക്ക് പ്രത്യാശയുടെ ഒരു ഗാനമായി അദ്ദേഹം ആ കോറസ് എഴുതി. “ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിനായി പാടുകയായിരുന്നു,’’ ഒരു ഗായകസംഘാംഗം പാട്ടിനെക്കുറിച്ച് പറയുന്നു. “ഞങ്ങളെ രക്ഷിക്കാനും മയക്കുമരുന്നിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കാനും ഞങ്ങൾ യേശുവിനോട് ആവശ്യപ്പെടുകയായിരുന്നു.’’ താൻ പാട്ട് പാടിയപ്പോൾ തന്റെ അതികഠിനമായ വേദന ശമിച്ചതായി ഒരുവൾ സാക്ഷ്യപ്പെടുത്തി. ആ ഗായകസംഘം ഒരു കടലാസിലെ വാക്കുകൾ പാടുക മാത്രമായിരുന്നില്ല, വീണ്ടെടുപ്പിനായി ആശയറ്റവരുടെ പ്രാർത്ഥനകൾ അർപ്പിക്കുകയായിരുന്നു.

ഇന്നത്തെ വായനയ്ക്കുള്ള തിരുവെഴുത്ത്, അവരുടെ അനുഭവത്തെ നന്നായി വിവരിക്കുന്നു. ക്രിസ്തുവിൽ നമ്മുടെ ദൈവം, എല്ലാ മനുഷ്യർക്കും രക്ഷ നൽകുവാൻ അവതരിച്ചിരിക്കുന്നു (തീത്തൊസ് 2:11). നിത്യജീവൻ ഈ ദാനത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നേ (വാ. 13), ആത്മനിയന്ത്രണം വീണ്ടെടുക്കാനും ലൗകിക ആസക്തികളോട് ഇല്ല എന്നു പറയാനും നമ്മെ ശക്തരാക്കിക്കൊണ്ട് അവനോടൊപ്പമുള്ള ജീവിതത്തിനായി നമ്മെ വീണ്ടെടുക്കാനും ദൈവം ഇപ്പോൾ നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു (വാ. 12, 14). ഗായകസംഘത്തിലെ അംഗങ്ങൾ കണ്ടെത്തിയതുപോലെ, യേശു നമ്മുടെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, വിനാശകരമായ ജീവിതശൈലിയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു.

യേശു എന്നോടൊപ്പം നടക്കുന്നു. നിങ്ങളോടൊപ്പവും. സഹായത്തിനായി അവനോടു നിലവിളിക്കുന്ന ഏതൊരാൾക്കൊപ്പവും. ഭാവിയെക്കുറിച്ചും ഇപ്പോൾ രക്ഷയെക്കുറിച്ചും പ്രത്യാശ നൽകിക്കൊണ്ട് അവിടുന്നു നമ്മോടൊപ്പമുണ്ട്.

വളരെ മനോഹരം

ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോഴാണ് ഹോസ്പിറ്റൽ നഴ്‌സറിയുടെ ജനാലയിലൂടെ നോക്കിആദ്യമായി ഒരു നവജാത ശിശുവിനെ കാണുന്നത്. എന്റെ അറിവില്ലായ്മയിൽ, രോമമില്ലാത്ത, കോണാകൃതിയിലുള്ള തലയും ശരീരത്തു ചുളിവുകളുമുള്ള കുട്ടിയെ കണ്ട് ഞാൻ പരിഭ്രാന്തനായി. എന്നാൽ ഞങ്ങളുടെ അടുത്തു നിന്നിരുന്ന കുഞ്ഞിന്റെ അമ്മയ്ക്ക്, “അവൻ സുന്ദരനല്ലേ?’’ എന്ന് ചുറ്റുംനില്ക്കുന്നവരോടു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു ചെറുപ്പക്കാരനായ പിതാവ് തന്റെ പെൺകുഞ്ഞിനോട് “നീ വളരെ സുന്ദരിയാണ്’’ എന്ന ഗാനം ആർദ്രമായി ആലപിക്കുന്ന വീഡിയോ കണ്ടപ്പോൾ ആ നിമിഷത്തെ ഞാൻ ഓർത്തു. അവളുടെ ആഹ്ലാദഭരിതനായ ഡാഡിക്ക് - ആ കൊച്ചു പെൺകുട്ടി ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു.

അങ്ങനെയാണോ ദൈവം നമ്മെ നോക്കുന്നത്? നാം അവന്റെ “കൈപ്പണി’’—അവന്റെ മാസ്റ്റർപീസ് ആണെന്ന് എഫെസ്യർ 2:10 പറയുന്നു. നമ്മുടെ പരാജയങ്ങളെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ, അവിടുന്നു നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നത് അംഗീകരിക്കാനോ അവിടുത്തെ മുമ്പിൽ നമുക്കു മൂല്യമുള്ളവരാകാൻ കഴിയുമെന്നു വിശ്വസിക്കാനോ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ നാം അവിടുത്തെ സ്‌നേഹത്തിന് അർഹരായതിനാലല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത് (വാ. 3-4); അവിടുന്നു സ്‌നേഹമായതുകൊണ്ടാണ് അവിടുന്നു നമ്മെ സ്‌നേഹിക്കുന്നത് (1 യോഹന്നാൻ 4:8). അവന്റെ സ്‌നേഹം കൃപയുടേതാണ്, നാം നമ്മുടെ പാപങ്ങളിൽ മരിച്ചവരായിരുന്നപ്പോൾ യേശുവിന്റെ മരണത്തിലൂടെ ദൈവം നമ്മെ അവനിൽ ജീവിപ്പിച്ചുകൊണ്ട് അതിന്റെ ആഴം കാണിച്ചുതന്നു (എഫെസ്യർ 2:5, 8).

ദൈവത്തിന്റെ സ്‌നേഹം ചഞ്ചലമല്ല - സ്ഥിരമാണ്. അവിടുന്ന് അപൂർണരെയും തകർന്നവരെയും ദുർബലരെയും കുഴപ്പക്കാരെയും സ്‌നേഹിക്കുന്നു. നാം വീഴുമ്പോൾ, നമ്മെ ഉയർത്താൻ അവിടുന്ന്് അവിടെയുണ്ട്. നാം അവിടുത്തെ നിധിയാണ്, നാം അവന് വളരെ സുന്ദരന്മാരും സുന്ദരികളുമാണ്.

അനുഗൃഹീത മാനസാന്തരം

“BROKE’’ ഗ്രേഡിയുടെ തെരുവിന്റെ പേര് അതായിരുന്നു, ആ അഞ്ച് അക്ഷരങ്ങൾ അഭിമാനത്തോടെ അയാൾ തന്റെ ലൈസൻസ് പ്ലേറ്റുകളിൽ പതിച്ചു. അത് ആത്മീയ അർത്ഥത്തിൽ ആയിരുന്നില്ലെങ്കിലും, മധ്യവയസ്‌കനായ ചൂതാട്ടക്കാരനും വ്യഭിചാരിയും വഞ്ചകനും ആയ മധ്യവയ്ക്കന് ആ ഇരട്ടപ്പേര് തികച്ചും അനുയോജ്യമായിരുന്നു. അയാൾ തകർന്നവനും ദരിദ്രനും ദൈവത്തിൽ നിന്ന് അകന്നവനുമായിരുന്നു. എന്നിരുന്നാലും, ഒരു വൈകുന്നേരം ഒരു ഹോട്ടൽ മുറിയിൽവെച്ച് ദൈവാത്മാവിനാൽ പാപബോധം ഉണ്ടായപ്പോൾ എല്ലാം മാറി. “ഞാൻ രക്ഷപ്പെട്ടുവെന്ന് തോന്നുന്നു!’’ അയാൾ ഭാര്യയോട് പറഞ്ഞു.  അന്നു വൈകുന്നേരം, തന്നോടൊപ്പം ശവക്കുഴിയിലേക്കു കൊണ്ടുപോകുമെന്ന് കരുതിയിരുന്ന പാപങ്ങളെ അയാൾ ഏറ്റു പറയുകയും പാപമോചനത്തിനായി യേശുവിന്റെ അടുക്കൽ വരികയും ചെയ്തു. നാൽപ്പതിലപ്പുറം താൻ ജീവിക്കുകയില്ലെന്നു കരുതിയ ആ മനുഷ്യൻ പിന്നീടുള്ള മുപ്പതു വർഷക്കാലം, യേശുവിലൂടെ രൂപാന്തരം വന്ന വിശ്വാസിയായി ദൈവത്തെ സേവിച്ചു. അയാളുടെ ലൈസൻസ് പ്ലേറ്റുകളും മാറി  “BROKE’’ നു പകരം “REPENT’’ സ്ഥാനം പിടിച്ചു.

മാനസാന്തരപ്പെടുക. അതാണ് ഗ്രേഡി ചെയ്തത്, അതിനാണ് ഹോശേയാ 14:1-2 ൽ ദൈവം യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നത്. “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; ... നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ... എന്നു പറവിൻ.’’ വലുതോ ചെറുതോ, കുറച്ചോ അധികമോ, ആയ നമ്മുടെ പാപങ്ങൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു. എന്നാൽ പാപത്തിൽ നിന്ന് ദൈവത്തിലേക്ക് തിരിയുന്നതിലൂടെയും യേശുവിന്റെ മരണത്തിലൂടെ അവൻ കൃപയോടെ നൽകിയ പാപമോചനം സ്വീകരിക്കുന്നതിലൂടെയും വിടവ് നികത്താനാകും. നിങ്ങൾ പോരാട്ടേ നേരിടുന്ന ഒരു ക്രിസ്തു വിശ്വാസിയായാലും അല്ലെങ്കിൽ ഗ്രേഡിയുടെ ജീവിതം പോലെയുള്ള ജീവിതം നയിക്കുന്ന ഒരാളായാലും, നിങ്ങളുടെ പാപക്ഷമ ഒരു പ്രാർത്ഥനയുെട മാത്രം അകലത്തിലാണ്.

നിലനിൽക്കുന്ന പ്രത്യാശ

നാലുവയസ്സുകാരനായ സോളമന് ഡുഷെൻ മസ്‌കുലർ ഡിസ്ട്രഫി - പേശികൾ ക്രമേണ നശിക്കുന്ന ഒരു രോഗം - ആണെന്നു ഡോക്ടർമാർ കണ്ടെത്തി. ഒരു വർഷത്തിനുശേഷം, വീൽചെയർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടർമാർ കുടുംബവുമായി ചർച്ച ചെയ്തു. എന്നാൽ തനിക്കു വീൽചെയർ വേണ്ടെന്ന് സോളമൻ പ്രതിഷേധിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവനുവേണ്ടി പ്രാർത്ഥിക്കുകയും കഴിയുന്നിടത്തോളം കാലം അവനെ വീൽചെയറിൽ നിന്ന് മാറ്റി നിർത്തുന്നതിനു സഹായിക്കാനായി, പരിശീലിപ്പിച്ച ഒരു നായയ്ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. ടെയിൽസ് എന്റെ സർവീസ് നായയായ കാലിയെ പരിശീലിപ്പിച്ച ടെയ്ൽസ് ഫോർ ലൈഫ് എന്ന സംഘടന സോളമനെ സേവിക്കാൻ മറ്റൊരു നായയെ പലിശീലിപ്പിക്കുകയാണിപ്പോൾ.

സോളമൻ തന്റെ ചികിത്സ സ്വീകരിക്കുമ്പോൾ തന്നേ, പലപ്പോഴും ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുന്ന സ്തുതിഗീതങ്ങൾ ആലപിക്കുന്നു. ചില ദിവസങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണ്. ആ പ്രയാസകരമായ ദിവസങ്ങളിലൊന്നിൽ, സോളമൻ തന്റെ അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞു, “സ്വർഗത്തിൽ ഡൂഷെൻസ് ഇല്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്.’’

രോഗത്തിന്റെ ക്ഷയോന്മുഖമായ ഫലങ്ങൾ നിത്യതയുടെ ഈ ഭാഗത്തുള്ള എല്ലാ ആളുകളെയും ബാധിക്കുന്നു. എന്നിരുന്നാലും, സോളമനെപ്പോലെ, അനിവാര്യമായ ആ ദുഷ്‌കരമായ ദിവസങ്ങളിൽ നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്താൻ കഴിയുന്ന ശാശ്വതമായ പ്രത്യാശ നമുക്കുണ്ട്. “പുതിയ ആകാശവും പുതിയ ഭൂമിയും’’ (വെളിപ്പാട് 21:1) എന്ന വാഗ്ദാനമാണ് ദൈവം നമുക്ക് നൽകുന്നത്. നമ്മുടെ സ്രഷ്ടാവും പരിപാലകനും നമ്മുടെ ഇടയിൽ തന്റെ കൂടാരം അടിച്ചുകൊണ്ട് നമ്മുടെ ഇടയിൽ “വസിക്കും’’ (വാ. 3). അവൻ നമ്മുടെ കണ്ണിൽ നിന്ന് “കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല’’ (വാ. 4). കാത്തിരിപ്പ് “വളരെ കഠിനമോ,’’ “വളരെ നീണ്ടതോ’’ ആയി തോന്നുമ്പോൾ നമുക്ക് സമാധാനം അനുഭവിക്കാൻ കഴിയും, കാരണം ദൈവത്തിന്റെ വാഗ്ദത്തം നിവൃത്തിയാകും.

പ്രതീക്ഷകളും ആഗ്രഹങ്ങളും

ഞാൻ ഇംഗ്ലണ്ടിലേക്ക് താമസം മാറിയപ്പോൾ, താങ്ക്‌സ്ഗിവിംഗ് എന്ന അമേരിക്കൻ അവധി നവംബറിലെ മറ്റൊരു വ്യാഴാഴ്ച മാത്രമായി മാറി. അതുകഴിഞ്ഞുള്ള വാരാന്ത്യത്തിൽ ഞാൻ ഒരു വിരുന്ന് ഒരുക്കിയെങ്കിലും, ആ ദിവസം എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നിട്ടും എന്റെ ആഗ്രഹങ്ങൾ എനിക്ക് മാത്രമുള്ളതല്ലെന്ന് ഞാൻ മനസ്സിലാക്കി. വിശേഷാവസരങ്ങളിലും അവധി ദിവസങ്ങളിലും പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാൻ നമ്മൾ എല്ലാവരും കൊതിക്കുന്നു. നമ്മൾ ആഘോഷിക്കുമ്പോൾ പോലും, കൂടെയില്ലാത്ത ആരുടെയെങ്കിലും അസാന്നിധ്യം നമുക്ക് അനുഭവപ്പെട്ടേക്കാം അല്ലെങ്കിൽ നമ്മുടെ ചിതറിപ്പോയ കുടുംബത്തിന് സമാധാനമുണ്ടാകാൻ നാം പ്രാർത്ഥിച്ചേക്കാം.

ഇത്തരം സമയങ്ങളിൽ, ശലോമോൻ രാജാവിന്റെ ഒരു സദൃശവാക്യമുൾപ്പെടെ, ബൈബിളിലെ ജ്ഞാനത്തെക്കുറിച്ച് പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് എന്നെ സഹായിച്ചിട്ടുണ്ട്: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ’’ (സദൃശവാക്യങ്ങൾ 13:12). ഈ സദശവാക്യത്തിൽ, ശലോമോൻ തന്റെ ജ്ഞാനം പങ്കുവെച്ച അർത്ഥവത്തായ വാക്യങ്ങളിലൊന്ന്, “ആശാവിളംബനം’’ സംഭവിക്കുമെന്നാണ്. വളരെയധികം ആഗ്രഹിച്ച ഒന്നിന്റെ കാലതാമസം ഉത്കണ്ഠയ്ക്കും വേദനയ്ക്കും കാരണമാകും. എന്നാൽ ആഗ്രഹം പൂർത്തീകരിക്കപ്പെടുമ്പോൾ, അത് ജീവന്റെ ഒരു വൃക്ഷം പോലെയാണ് - ഉന്മേഷവും ഉണർവും അനുഭവിക്കാൻ നമ്മെ അനുവദിക്കുന്ന ഒന്ന്.

നമ്മുടെ ചില പ്രതീക്ഷകളും ആഗ്രഹങ്ങളും ഉടനടി നിവർത്തിക്കപ്പെടണമെന്നില്ല, ചിലത് നാം മരിച്ചതിനു് ശേഷം ദൈവത്തിലൂടെ മാത്രമേ നിറവേറ്റപ്പെടുകയുള്ളൂ. നമ്മുടെ ആഗ്രഹം എന്തുതന്നെയായാലും, അവൻ നമ്മെ നിരന്തരം സ്‌നേഹിക്കുന്നുവെന്നറിഞ്ഞുകൊണ്ട് നമുക്ക് അവനിൽ ആശ്രയിക്കാം. കൂടാതെ, ഒരു ദിവസം, നാം അവനോടൊപ്പം വിരുന്നു കഴിക്കുകയും അവനു നന്ദി പറയുകയും ചെയ്യുന്ന വേളയിൽ നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കും (വെളിപ്പാട് 19:6-9 കാണുക).